Sunday, 28 October 2018

യക്ഷി - A poem in Malayalam (Yakshi)


യക്ഷി
 
 
നിശയുടെ തിരശീല വീണൊരാവീഥിയിൽ 
നിലാവായി നിഴലായി നീങ്ങുന്നൊരാളവൾ 
നീണ്ടു നിവർന്നൊരാ നീലച്ചുരുൾമുടി 
നീട്ടിയെഴുതിയ നീർമിഴികൾ .
 
 
 
 എങ്ങോട്ടെന്നില്ലാതെ യാത്രയാകുന്നവൾ 
രാത്രിതൻ ഏകാന്ത യാമങ്ങളിൽ 
എന്നുമാ രാവിന്റെ  കാമിനിയാണവൾ 
രതിഭാവമൂറും മുഖപടത്തിൽ  
 
 
 
പാലമരത്തിൻറെ പടരുന്ന കൊമ്പിലോ 
പകലെല്ലാം പള്ളിയുറങ്ങിടുന്നു 
പാതിരാവായാൽ തൻ പ്രാണനെത്തേടിയാ 
പെരുവഴിയൊക്കെയും താണ്ടിടുന്നു 
 
 
 
'ആരാണിവൾ' എന്നാഴത്തിലാരാഞ്ഞു  
ആകുലരാം പൊതു മർത്യരവർ 
അവൾ അഴകുള്ള മേനിയിൽ വെള്ള പുതച്ചുകൊ-
ണ്ടന്ധകാരത്തിലേക്കാഴ്ന്നിറങ്ങി 
 
 
 
പാതിയടഞ്ഞൊരാ മിഴികൾ തൻ തീരത്തു 
ഗാഥകളേറെയുറങ്ങിടുന്നു 
പെരുമഴയായവ പെയ്തിറങ്ങീടുമോ 
ഗതിതെറ്റിയലയുന്ന നീർമേഘമായ് .
 
 
 
ആരെയോ തേടി നീ പോകുന്നു രാവതിൻ 
ആനന്ദ ലഹരിയിലാറാടുവാൻ 
ആരോരുമില്ലാത്തൊരേകാന്തയാത്മാവി -
ന്നശ്രു ബിന്ദുക്കൾ തുടച്ചുമാറ്റാൻ 
 
 
 
സുന്ദരിയാണവൾ സങ്കല്പലോകത്തു 
സ്‌നേഹം കൊതിക്കുന്ന സ്ത്രീയാണവൾ 
സ്നേഹിച്ചു വഞ്ചിച്ച സ്നേഹിതനായോ നീ 
സംസാരസാഗരം സഞ്ചരിപ്പൂ 
 
 
 
മാലോകരൊക്കെയുമൊന്നായി മന്ത്രിച്ചു 
മായാവിയാണവൾ, യക്ഷിയാണ് !
മേനകയല്ലവൾ, മോഹിനിയല്ലവൾ 
മാനവമൃത്യു തൻ മണവാട്ടിയൊ .
 
 
 
യക്ഷിയാണെങ്കിലും മെല്ലെ തുടിക്കുന്ന 
ഹൃത്തുണ്ടവൾക്കും വികാരമുണ്ട് 
യാതനയോരോന്നും താങ്ങുവാനാകാതെ 
ചേതനയറ്റൊരു ജീവിതവും 
 
 
 
യാത്രയാകുന്നവൾ രാത്രിതൻ മാറിലേയ്-
ക്കാരും തിരയാത്ത തീരങ്ങളിൽ 
യാത്രാമൊഴിയായി കുറിക്കട്ടെയിന്നു ഞാൻ 
കരളിൽ നിന്നുതിരുമീ കാവ്യരൂപം !
ഷെറിൻ ദേവ് -  27.10.2018

8 comments:

  1. മനോഹരമായ കവിത! യക്ഷിയെ ശരിക്കും കൺമുന്നിൽ കണ്ട പ്രതീതി. ബിംബങ്ങളും ഭാവനയും നന്നായിട്ടുണ്ട്!

    ReplyDelete
  2. Thanks again for your generous compliments Sreedeep.. :)

    ReplyDelete
  3. Wow..did not know that u write so well Sherin... Amazing👌

    ReplyDelete
  4. Replies
    1. Would like to know your name please ....

      Delete