നിശയുടെ തിരശീല വീണൊരാവീഥിയിൽ
നിലാവായി നിഴലായി നീങ്ങുന്നൊരാളവൾ
നീണ്ടു നിവർന്നൊരാ നീലച്ചുരുൾമുടി
നീട്ടിയെഴുതിയ നീർമിഴികൾ .
എങ്ങോട്ടെന്നില്ലാതെ യാത്രയാകുന്നവൾ
രാത്രിതൻ ഏകാന്ത യാമങ്ങളിൽ
എന്നുമാ രാവിന്റെ കാമിനിയാണവൾ
രതിഭാവമൂറും മുഖപടത്തിൽ
പാലമരത്തിൻറെ പടരുന്ന കൊമ്പിലോ
പകലെല്ലാം പള്ളിയുറങ്ങിടുന്നു
പാതിരാവായാൽ തൻ പ്രാണനെത്തേടിയാ
പെരുവഴിയൊക്കെയും താണ്ടിടുന്നു
'ആരാണിവൾ' എന്നാഴത്തിലാരാഞ്ഞു
ആകുലരാം പൊതു മർത്യരവർ
അവൾ അഴകുള്ള മേനിയിൽ വെള്ള പുതച്ചുകൊ-
ണ്ടന്ധകാരത്തിലേക്കാഴ്ന്നിറങ്ങി
പാതിയടഞ്ഞൊരാ മിഴികൾ തൻ തീരത്തു
ഗാഥകളേറെയുറങ്ങിടുന്നു
പെരുമഴയായവ പെയ്തിറങ്ങീടുമോ
ഗതിതെറ്റിയലയുന്ന നീർമേഘമായ് .
ആരെയോ തേടി നീ പോകുന്നു രാവതിൻ
ആനന്ദ ലഹരിയിലാറാടുവാൻ
ആരോരുമില്ലാത്തൊരേകാന്തയാത്മാവി -
ന്നശ്രു ബിന്ദുക്കൾ തുടച്ചുമാറ്റാൻ
സുന്ദരിയാണവൾ സങ്കല്പലോകത്തു
സ്നേഹം കൊതിക്കുന്ന സ്ത്രീയാണവൾ
സ്നേഹിച്ചു വഞ്ചിച്ച സ്നേഹിതനായോ നീ
സംസാരസാഗരം സഞ്ചരിപ്പൂ
മാലോകരൊക്കെയുമൊന്നായി മന്ത്രിച്ചു
മായാവിയാണവൾ, യക്ഷിയാണ് !
മേനകയല്ലവൾ, മോഹിനിയല്ലവൾ
മാനവമൃത്യു തൻ മണവാട്ടിയൊ .
യക്ഷിയാണെങ്കിലും മെല്ലെ തുടിക്കുന്ന
ഹൃത്തുണ്ടവൾക്കും വികാരമുണ്ട്
യാതനയോരോന്നും താങ്ങുവാനാകാതെ
ചേതനയറ്റൊരു ജീവിതവും
യാത്രയാകുന്നവൾ രാത്രിതൻ മാറിലേയ്-
യാത്രാമൊഴിയായി കുറിക്കട്ടെയിന്നു ഞാൻ
കരളിൽ നിന്നുതിരുമീ കാവ്യരൂപം !
ഷെറിൻ ദേവ് - 27.10.2018
മനോഹരമായ കവിത! യക്ഷിയെ ശരിക്കും കൺമുന്നിൽ കണ്ട പ്രതീതി. ബിംബങ്ങളും ഭാവനയും നന്നായിട്ടുണ്ട്!
ReplyDeleteThanks again for your generous compliments Sreedeep.. :)
ReplyDeleteWow..did not know that u write so well Sherin... Amazing👌
ReplyDeleteThankyou Rama...
DeleteKeep on writing....
ReplyDeleteWould like to know your name please ....
DeleteLoved Yakshi
ReplyDeleteThankyou Lekha!
ReplyDelete