വസന്തമേയണയുന്നു നിൻ ചാരെയാരോ
വർണ്ണപ്പകിട്ടേഴും മലർവാടിയിൽ
വിരഹിണിയായ തൻ വധുവിനെത്തേടിയാ
ഋതുമാരനെത്തിയോ വാർമുകിലിൽ
കരിമുകിൽക്കാറിലെ സഞ്ചാരിയാണവൻ
വാനമൈതാനിയിൽ ധീരനാം വീരാളി
ആനനമൊന്നു തലോടുന്ന മാരുതൻ
കേഴുന്നു വീണ്ടുമാ കദനഗീതം.
ഋതുവതിയായൊരു പെണ്മണിയാണവൾ
സുവർണ്ണരഥമേറും പൂമരങ്ങൾ
ശിഖരങ്ങളൊക്കെയും പൂവണിഞ്ഞു പിന്നെ
പൂവണ്ടുകൾക്കായി തേൻ നിറച്ചു
മലർവാക പൂത്തൊരാമങ്കണത്തിൽ
പലമാത്ര കാത്തതും മുകിൽനാഥനേ
മോഹങ്ങളേറും നിറച്ചാർത്തുകൾ അവ
വശ്യതയൂറും സുഗന്ധോത്സവം
വന്നവൻ കൊമ്പുമക്കുഴലുമേന്തി
പ്രിയതമയ്ക്കായൊന്നു പെയ്തിറങ്ങാൻ
മാറോടണച്ചവൾ കാന്തനെയാ-
മേനിയിലാകെ പടർന്നു പുൽകി
നിതംബിനിയായൊരു കാമുകിയായി
പൃഥുലമാം പൂമേനി പകുത്തു നൽകി
സ്നേഹവസന്തത്തിലാഴ്ന്നിറങ്ങി
മെയ്യിൽ പതിഞ്ഞോരോ ജലകണങ്ങൾ
ശമിച്ചോരുദാഹമാപ്പെണ്ണാളിനും
കുളിരിൽ കുതിർന്നവൾ നിശ്വസിച്ചു
പങ്കിട്ടു മാത്രകൾ സ്വപ്നങ്ങളും
അകമ്പടിയായി വന്ന കിളിനാദവും
മേടത്തിലെത്തിയ മഴമാരിയും
ഉണ്മയായെത്തിയോരുൻമാദവും
മറക്കുവാനാകാതവൾ പിടഞ്ഞു
നെഞ്ചകം നീറിപ്പുകഞ്ഞു നിന്നു.