Sunday, 17 March 2019

ഒരു പൂവിൻറെ പ്രണയം ( A poem in Malayalam)

ഒരു പൂവിൻറെ  പ്രണയം 
ശിശിരത്തിൽ വിരിഞ്ഞു ഒരു പൂവ് 
ശുശോഭിതമാമിതളുള്ള  പൂവ് 
ശരത്കാല മാരുതൻ തഴുകിയ പൂവ് 
ശിലയുമറിഞ്ഞ സുഗന്ധിയാം പൂവ് .
 
 
ദാഹിച്ചു വരുമൊരു പൂവണ്ടിനായവൾ 
ദിനവുമപ്പൂന്തോപ്പിൽ  കാത്തുനിന്നു 
ദളങ്ങൾക്കു നടുവിൽ നിറച്ചോരോ തുള്ളിയും 
ദിവ്യാനുരാഗത്തിൻ തേൻ മധുരം
 
അങ്ങനെയൊരുനാളിൽ വണ്ടവനെത്തിയാ- 
പ്പൂവിതൾ മെത്തയിൽ വിശ്രമിച്ചു 
ആയിരമായിരം നാളുകൾ കാത്തതോ 
പൂവവളീയൊരു നാളിനായി .
 
പൂവതിൻ മുഗ്ദ്ധമാം ധർമ്മം നിവർത്തിച്ചു
പൂന്തേൻ ഒഴുക്കിയപ്പൂവണ്ടിനായി 
വണ്ടവനേറെ നുകർന്നൂ മരന്ദമാ  
വിണ്ണിൽ ശശാങ്കനുദിക്കും വരെ
 
നിനക്കായി മാത്രം വിരിഞ്ഞൊരു  പൂവ്  ഞാൻ 
നിറച്ചുവെൻ മാറിൽ  മധുകണങ്ങൾ 
കാത്തു  ഞാനെന്നും നിൻ മൂളിച്ചയൊന്നിനായി 
കാതങ്ങൾക്കപ്പുറം കണ്ണും നട്ട് .
 
 
 
വണ്ടവനുണ്ടോ അറിയുന്നു കുണ്ഠിതം 
പൂവവൾക്കുള്ളിലെ പെൺതുടിപ്പ് 
പൂവിതൾ പൂട്ടാതെ പെൺപൂവവൾ 
തൻറെ പൂമുഖവാതിൽ  തുറന്നു നിന്നു .
 
തെല്ലൊന്നകന്ന തൻ ദാഹം മറന്നവൻ 
മാനത്തേയ്ക്കങ്ങനെ നോക്കി നിന്നു 
ചിത്തമറിഞ്ഞൊരു  പൂപ്പെണ്ണവളിറ്റു 
പൂമ്പൊടി പാഥേയമായി നൽകി
 
പൊട്ടിക്കരഞ്ഞൊരു പെണ്പൂവവൾ കണ്ടു 
മാറിലെ കാലിയാം തേൻകുടങ്ങൾ 
പോയൊരു നാളിലാ പൂവണ്ടത്താനവൻ 
മാഞ്ഞുപോയി പൂവതിൻ മോഹങ്ങളും
 
ഇലകളാം സഖികളും പലമാത്രയുരുവിട്ടു  
ഇതളുകൾ പൂട്ടാതെ നിന്നതെന്തേ 
വണ്ടവനുള്ളിൽ നിറഞ്ഞൊരു നാളിൽ നിൻ
വാതായനങ്ങൾ അടച്ചതില്ലേ
 
മിഴികൾ തുടച്ചുകൊണ്ടോതിയപ്പൂപ്പെണ്ണ് 
ഭൂവതിൽ പാറേണ്ട ഭ്രമരമല്ലൊ അവൻ 
മുക്തിയും മോക്ഷവുമേകിയിപ്പൂവിനു
ഭൂതഗണങ്ങൾ തൻ നാഥനെപ്പോൽ
 
വാടിക്കരിഞ്ഞിനി വളമായിടും പിന്നെ 
വേറൊരു പൂവിനായി വഴിമാറിടും 
ജീവിതധർമ്മമെൻ  നിറവേറ്റിയിന്നു ഞാൻ 
ജനനിയാം മണ്ണിലലിഞ്ഞു തീരും
 
എങ്കിലുമോർത്തവൾ വണ്ടവനെത്തുമോ 
മാറിലെ മകരന്ദമൊന്നിനായി 
ഏതോ കിനാവിന്റെ കാലൊച്ച കേട്ടവൾ 
മൗനമായി മാനത്തു മിഴികൾ പാകി . 
ഷെറിൻ ദേവ് .


6 comments:

  1. Beautiful verses and great imagination another golden feather to your cap . To bloom and bear fruits that’s the birthright of a flower to fall in love with a honey 🐝 is a dream but who is to question her dreams and aspirations let her rejoice in her own wonderworld and wait for the return of her lost love 💕

    ReplyDelete
    Replies
    1. Thankyou Lekha! Absolutely, to love and to be loved is a blessing!

      Delete
  2. മനോഹരമായ വരികൾ! പൂവിന്റെ പ്രണയം ഒരു നല്ല ജീവിതപാഠം കൂടിയാണ്. ജീവിതം നമുക്കായി കാത്തുവയ്ക്കുന്ന മകരന്ദങ്ങൾ നമ്മുടെ ഉള്ളിലെ വണ്ടുകളുടെ വരവിനായി കാക്കാൻ വിധിക്കപ്പെട്ടവരാണ്.

    ReplyDelete
    Replies
    1. Thankyou Sree!! Words of wisdom as always !!

      Delete
    2. Beautiful imagination!Yes it's reality! Afew of those flowers will give birth to new ones through fruits and seeds. That's Nature's life cycle.
      Congrats!

      Delete