Sunday, 17 February 2019

മാധവി

മാധവി 


മാധുര്യമാസ്മര മാണിക്യമാണവൾ
ആമിയോ കമലയോ സുരയ്യയോ പേരുകൾ
മാന്ത്രികച്ചെപ്പൊന്നൊളിപ്പിച്ച മനമതോ
ആരും കൊതിക്കുന്ന മായാനദി


നീർമാതളത്തിന്റെ  ശീതളഛായയിൽ
നെയ്തുനിവർന്നൊരാ നിറമാർന്ന ബാല്യവും
നാനാദിശയിൽ  നിലയ്ക്കാത്ത നാമമാം
നാലപ്പാട്ടതിൻ  നറുനീലത്താമര

നാരായണനെന്നയമ്മാവനോ  അതോ
ബാലാമണിയാമമ്മയോ നിന്നുടെ
നാരായമേന്തുന്ന കൈവിരൽത്തുമ്പിലാ
ബാലപാഠങ്ങൾ തൻ മാലകോർത്തു

പുന്നയൂർക്കുളമെന്ന പൂങ്കാവനത്തിൽ നീ
പൂമ്പാറ്റയായന്ന് പാറിക്കളിച്ചതും
പൂവിലും പുല്ലിലും പൂജിച്ച കല്ലിലും
പുല്ലാങ്കുഴൽ പേറും കണ്ണനെക്കണ്ടതും


കാർവർണ്ണനവനാക്കിനാവിൽ നിറഞ്ഞതും
കാലിത്തൊഴുത്തിൽ നീ കാലൊച്ച കേട്ടതും
കണ്ണൻറെ ഗാഥകളോരോന്നുമോതിയ
കാരുണ്യ കവചമാം അമ്മമ്മയും


ചിലന്തികൾ വലയിട്ട ചായ്പ്പിന്നിരുട്ടിലും
ചെമ്പകം പൂക്കുന്ന ചന്തമാം തൊടിയിലും
ചീങ്കണ്ണി ചീറും കുളത്തിന്റെ കടവിലും
ചാകരയായെത്തി ഭാവനകൾ

കാഴ്ചകളങ്ങനെയോരോന്നും കണ്ടു നീ
കാതരയായൊരു കാമിനിയായി
കാലങ്ങൾ സ്നേഹിചൊരുണ്മക്കഥയവ
കരളിൽ കുറിച്ചിട്ട കാവ്യഭാവം


കിഴക്കുള്ള ദേശത്ത്‌ കന്യയാം നിന്നുടെ
കണ്ണീർക്കണങ്ങൾ പൊഴിഞ്ഞിരുന്നോ
മാടി വിളിച്ചതോ  മാമലനാട്ടിലെ
മൈനകൾ മേയും മരച്ചില്ലകൾ


കൗമാര കാലത്തു വധുവായതന്നു  നീ
കൃഷ്ണനായെത്തിയ മാധവനോ
കാമിനി നിന്നുടെ ചേതോവികാരങ്ങൾ
കാന്തനവനന്നു കാത്തിരുന്നോ

പൈതങ്ങൾക്കൊപ്പമായി പിന്നെ നിൻ വേളകൾ
പൂമഴയായി നിൻ മാതൃഭാവം
പിന്നെയുമെന്തേ  പിടച്ചു നീ പലവട്ടം
പ്രണയത്തെ പ്രണയിച്ച പേമാരിപോൽ

സ്നേഹിക്കുവാൻ നീ പഠിപ്പിച്ചു ഞങ്ങളെ
സീമകളൊക്കെ തുടച്ചു മായ്ക്കാൻ
സൗരഭ്യമൂറുന്ന സുന്ദര സാനുവിൻ
സീമന്തരേഖകൾ സഞ്ചരിക്കാൻ

മായില്ലൊരിക്കലും നിന്നുടെ മന്ത്രണം
മങ്ങാതെ നിൽക്കുമീ മന്ദിരത്തിൽ
മഞ്ജുവും സുമതിയും അരുണയും ജാനുവും
മങ്കമാരവരും പുനർജനിക്കും

ചുടുചോരചിന്തും ചതിപ്പാടുകൾ വീശും
ചിരകാല സ്മരണ തൻ ചാമരവും
ചാരത്തും ദൂരത്തുമെരിയുന്ന ചിതയൊന്നിൽ
ചിന്തകൾ ചിത്തതിൻ ചാവേറുകൾ

നിലയ്ക്കാത്ത നിന്നുടെ നീലാംബരീരാഗം
നിറയുന്നു നിളപോലെ നെഞ്ചകത്തിൽ
നാരികൾ ഞങ്ങൾ നമിക്കുന്നു നിത്യവും
നൈവേദ്യമായി നിൻ നൻമൊഴികൾ





ഷെറിൻ ദേവ് : 28 .01 .2019

പ്രിയപ്പെട്ട മാധവിക്കുട്ടിക്കൊരു സമർപ്പണം .
ജനനം : 31 March 1934
മരണം : മരിക്കാത്ത എഴുത്തുകാരി













13 comments:

  1. നന്നായിട്ടുണ്ട് ഷെറിൻ! ഒരുപാട് ഇഷ്ടമായി. ഒരു പ്രിയപ്പെട്ട എഴുത്തുകാരിയെപ്പറ്റി വേറൊരു പ്രിയപ്പെട്ട എഴുത്തുകാരിയുടെ കുറിപ്പ് വായിക്കുന്നത് വളരെ രസമാണ്. ഇത് പ്രസീദ്ധീകരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു!

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിൻറെ പൂമഴ പെയ്യിച്ചു വീണ്ടും , ഒരുപാട് നന്ദിയുണ്ട് ശ്രീദീപ് !

      Delete
  2. beautifully written..proud of u👌

    ReplyDelete
    Replies
    1. Beautiful!go ahead with writing!proud of you!

      Delete
    2. Thankyou Amma!
      ഭാഷയുടെയും ജീവിതത്തിന്റെയും ആദ്യാക്ഷരങ്ങൾ പറഞ്ഞു തന്ന എൻറെ അമ്മയ്ക്ക് നന്ദി,സ്‌നേഹം !

      Delete
  3. Spellbound- To portray the life story of such a great author in such beautiful verses-amazing dear , keep going , expecting more

    ReplyDelete
  4. Madhavikutty was/is one of my favorite authors. Thanks for remembering her and reminding us of her.

    ReplyDelete
  5. Your verse is alive with the vibrancy and vitality of that larger than life legend through her different phases... not a small achievement!

    ReplyDelete